Tweet 101

    Tweet 101
    September 23, 2022 • Friday
    Post Header

    ക്രിസ്ത്വാബ്ദം 615 ലായിരുന്നു നബി ﷺ യുടെ പ്രവചനം. നാളുകൾ കടന്നു പോയി. ക്രി:622 ൽ അബൂബക്കർ (റ) മദീനയിലേക്ക് പലായനം ചെയ്യാൻ നേരം ഉബയ്യ് പന്തയത്തിന്റെ കാര്യം സിദ്ദീഖി (റ)നെ ഓർമപ്പെടുത്തി. സിദീഖ് (റ) തന്റെ അസാന്നിധ്യത്തിൽ പന്തയം പാലിക്കാൻ മകൻ അബ്ദുല്ലയെ ചുമതലപ്പെടുത്തി. പിൽക്കാലത്ത് ഉബയ്യ് ഉഹ്ദിലേക്ക് പുറപ്പെട്ടപ്പോൾ അബ്‌ദുല്ല ഉബയ്യിനെ സമീപിച്ചു. അയാളുടെ അസാന്നിധ്യത്തിൽ പന്തയത്തിനുത്തരവാദിയെ നിർണയിച്ചു തരാൻ പറഞ്ഞു. അത് നിർണയിച്ചു കൊടുത്തു. ഉഹ്ദിൽ നേരിട്ട പരിക്കിൽ ഉബയ്യ് മരണപ്പെട്ടു.
    സീസർ ഹെർകുലീസ് സ്വകാര്യമായി കോൺസ്റ്റാന്റിനോപ്പിൾ വിട്ട് തറാപ് സോണിലേക്ക് പോയി. കരിങ്കടൽ വഴിയായിരുന്നു യാത്ര. പുഷ്ടുകളുടെ ഭാഗത്ത് നിന്ന് പേർഷ്യയെ അക്രമിക്കാൻ പദ്ധതികൾ തയ്യാറാക്കി. ക്രൈസ്തവ സഭകളുടെ സഹായത്തോടെ ക്രിസ്താബ്ദം 623 ൽ അർമേനിയയിൽ നിന്ന് ഹെർക്കുലീസ് പ്രത്യാക്രമണമാരംഭിച്ചു. തൊട്ടടുത്ത വർഷം അസർബീജാനിലേക്ക് നുഴഞ്ഞുകയറി സൗരാഷ്ട്രരുടെ കേന്ദ്രമായ ഇർമിയ കീഴടക്കി. തുടർന്ന് നിരന്തരമായി റോം പേർഷ്യയെ ആഘാതങ്ങൾ ഏൽപ്പിച്ചു. ഒടുവിൽ ക്രി: 627ൽ നീനവയിൽ നടന്ന ഏറ്റുമുട്ടലിൽ പേർഷ്യൻ സാമ്രാജ്യത്തിന്റെ അടിത്തറയിളകി.
    ഇംഗ്ലീഷ് ചരിത്രകാരനായ ഗിബ്ബൺ പറയുന്നു; “ഖുർആനിന്റെ പ്രസ്താവനയെത്തുടർന്നുള്ള ഏഴെട്ടു വർഷങ്ങളിൽ പേർഷ്യയുടെ പരാജയം സങ്കൽപ്പിക്കാൻ പോലും പറ്റാത്തതായിരുന്നു. എന്ന് മാത്രമല്ല, റോം നിലനിൽക്കുമോ എന്നു പോലും ആശങ്കപ്പെടുന്ന അവസ്ഥയായിരുന്നു”
    റോമിന്റെ വിജയത്തെത്തുടർന്ന് ഉബയ്യിന്റെ അനന്തരാവകാശികൾ പരാജയം സമ്മതിച്ചു. വാഗ്ദാനം ചെയ്യപ്പെട്ട ഒട്ടകങ്ങൾ അബൂബക്കർ സിദീഖി (റ)ന് അവർ നൽകി. ചൂതാട്ട നിരോധന നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള പന്തയമായതിനാൽ യുദ്ധത്തിലേർപ്പെട്ട ശത്രുക്കളിൽ നിന്ന് ഒട്ടകങ്ങളെ സ്വീകരിച്ചു. എന്നാൽ സ്വന്തമായി ഉപയോഗിക്കാതെ സാധുക്കൾക്ക് വിതരണം ചെയ്യാനുള്ള നിർദേശം പാലിക്കപ്പെട്ടു.
    *************
    പ്രവാചകത്വ പ്രഖ്യാപനത്തിന്റെ പത്താം വർഷമായി. മുത്ത് നബി ﷺ യുടെ പിതൃ സഹോദരൻ അബൂത്വാലിബ് രോഗശയ്യയിലായി. പിതാമഹന്റെ വിയോഗത്തെത്തുടർന്ന് എട്ടാം വയസ്സു മുതൽ മുത്ത് നബി ﷺ ക്ക് എല്ലാമെല്ലാമായി നിന്ന മഹദ് വ്യക്തിത്വം. അദ്ദേഹത്തിന്റെ രോഗാവസ്ഥയിൽ നബി ﷺ ഏറെ ദുഃഖം കടിച്ചിറക്കി. പരീക്ഷണങ്ങളുടെ തീച്ചൂളയിൽ ആശ്വാസത്തിന്റെ പ്രധാന അവലംബമാണ് ശയ്യാവസ്ഥയിൽ എത്തിയത്. നബി ﷺ ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തെ സന്ദർശിച്ചുകൊണ്ടിരുന്നു.
    സഈദ് ബിൻ അൽ മുസയ്യബ് (റ) നിവേദനം ചെയ്യുന്നു. “ഒടുവിൽ മരണാസന്നനായപ്പോൾ നബി ﷺ സമീപത്ത് ചെന്നിരുന്നു. അപ്പോൾ ഖുറൈശി പ്രമുഖരായ അബൂജഹൽ, അബ്ദുല്ലാഹിബ്നു അബീഉമയ്യത്ബിനുൽ മുഗീറ എന്നിവർ അടുത്തുണ്ടായിരുന്നു. നബി ﷺ അബൂത്വാലിബിനോട് പറഞ്ഞു. അല്ലയോ , പിതൃസഹോദരാ! ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വചനം പറയൂ. ഞാൻ അല്ലാഹുവിങ്കൽ നിങ്ങൾക്ക് വേണ്ടി സാക്ഷി നിൽക്കാം. ഉടനെ അബൂജഹലും അബ്ദുല്ലയും പറഞ്ഞു. ഓ , അബൂത്വാലിബ് ! നിങ്ങൾ അബ്ദുൽ മുത്വലിബിന്റെ മാർഗത്തോട് വിസമ്മതം പറയുകയാണോ? നബി ﷺ ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലാൻ പറഞ്ഞപ്പോഴൊക്കെ അവർ അബൂത്വാലിബിനോട് ഇതാവർത്തിച്ചു. അവസാനം അദ്ദേഹം പറഞ്ഞു. ഞാൻ അബ്ദുൽ മുത്വലിബിന്റെ മാർഗത്തിലാണ്. ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് അദ്ദേഹം മൊഴിഞ്ഞില്ല. അപ്പോൾ നബി ﷺ പറഞ്ഞു. ഞാൻ വിലക്കപ്പെടുന്നത് വരെ നിങ്ങൾക്ക് വേണ്ടി ഞാൻ പാപമോചനം തേടിക്കൊണ്ടിരിക്കും. ”
    തുടർന്ന് ഖുർആനിലെ തൗബ: അധ്യായത്തിലെ നൂറ്റിപ്പതിമൂന്നാം സൂക്തം അവതരിച്ചു. “പ്രവാചകനോ വിശ്വാസികളോ ബഹുദൈവവിശ്വാസികൾക്ക് വേണ്ടി പാപമോചനം തേടാവുന്നതല്ല. അവർ ഉറ്റബന്ധുക്കളാണെങ്കിലും ശരി. (അവർ നരകാവകാശികളാണെന്ന് വ്യക്തമായതിൽപ്പിന്നെ)”.
    ‘അൽ-ഖസ്വസ് ‘ അധ്യായത്തിലെ അമ്പത്തിയാറാമത്തെ സൂക്തവും ഇവ്വിഷയകമായി ഇറങ്ങിയതാണ്. “പ്രവാചകരേ, അവിടുന്ന് താത്പ്പര്യപ്പെടുന്നവരെ സന്മാർഗത്തിലാക്കാൻ അവിടുത്തേക്ക് സമ്മതമില്ല. എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കും. സത്യമംഗരീകരിക്കുന്നവരെ ഏറ്റവും നന്നായി അറിയുന്നവൻ അവനാണ്.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 8
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...